
എക്സലൻസ് ഡേ
സ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യ മാതൃക സിവിൽ സർവീസ് പരീക്ഷ Race2IAS ന്റെ രണ്ടാമത് എഡിഷൻ വിജയികൾക്കുള്ള പുരസ്ക്കാരം വിതരണം ചെയ്തു .
തിരുവനന്തപുരം മാർ ബസേലിയസ് എൻജിനിയറിങ് കോളേജിൽ നടന്ന എക്സലൻസ് ഡേയിൽ മുൻ ചീഫ് സെക്രട്ടറി ശ്രീ . സി പി നായർ ഐ എ എസ് , മുൻ ഡി ജി പി ഡോ . അലക്‌സാണ്ടർ ജേക്കബ് ഐ പി എസ് എന്നിവർ വിജയികൾക്കു ക്യാഷ് പ്രൈസ് , സർട്ടിഫിക്കറ്റ് , ഫലകം എന്നിവ ഉൾപ്പെടുന്ന സമ്മാനങ്ങൾ നൽകി .
അസാമാന്യമായ പ്രകടനം കാഴ്ച വെക്കുന്ന ഈ വിദ്യാർഥികൾ ഭാവിയിൽ ഇന്ത്യൻ സിവിൽ സർവീസിൽ എത്തിയില്ലെങ്കിൽ നഷ്ടം ഇന്ത്യക്കാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി നായർ ഐ എ എസ് പറഞ്ഞു. ഒന്നാം കാറ്റഗറിയിൽ തിരുവനന്തപുരം നവജീവൻ ബഥനി വിദ്യാലയത്തിലെ വിദ്യാർഥിനി ഗൗരിശങ്കരൻ എം പി ഒന്നാം റാങ്ക് കരസ്ഥമാക്കി . സ്നേഹ എസ് സജി , ശ്രീഗിരി എസ് ജി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി . രണ്ടാം കാറ്റഗറിയിൽ കരുവറ്റ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥി അഭിരാം യു ഒന്നാം റാങ്ക് നേടി .ഹനാന ഹനീഫ് , സുധീന വി കെ എന്നിർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി . ചടങ്ങിൽ പരീക്ഷയിൽ ആദ്യ 25 റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു . പത്താം ക്ലാസ് -പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും പുരസ്‌ക്കാരങ്ങൾ നൽകി . മുൻ പ്രിൻസിപ്പൽ സെക്രട്ടറി ലിഡാ ജേക്കബ് ഐ എ എസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റേസ് ടു ഐ എ എസ് സ്ഥാപകൻ ജിന്റോ മാത്യു , ഫാ തോമസ് ജോർജ്ജ് , മാർ ബസേലിയസ് കോളേജ് വൈസ് പ്രിൻസിപ്പൽ വിശ്വനാഥ് റാവു, ഡെൽസി ജോസഫ് , മേരി സാബു , അരുൺ ശശി എന്നിവർ പ്രസംഗിച്ചു . യു പി എസ് സി സിവിൽ സർവീസ് പരീക്ഷയുടെ മാതൃകയിൽ മൂന്നു ഘട്ടങ്ങളായി ഇന്ത്യയിലും , ഖത്തറിലും , ബഹ്‌റിനിലും നടന്ന പരീക്ഷയിൽ പതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു . അഭിമുഖ പരീക്ഷയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് ചോദ്യകർത്താക്കളായി എത്തിയത് .
